07:21am 13 November 2026
NEWS
സംസ്ഥാനത്ത് ഇത്രയേറെ ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്നത് ചരിത്രത്തിലാദ്യം: വി. എം. സുധീരൻ
22/03/2026  08:25 PM IST
nila
സംസ്ഥാനത്ത് ഇത്രയേറെ ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്നത് ചരിത്രത്തിലാദ്യം: വി. എം. സുധീരൻ

 

ചെങ്ങന്നൂർ : ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ ജനങ്ങൾ സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചെങ്ങന്നൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പോലും ഒരു ശാപമായി തീർന്ന ഇടത് ഭരണം അവസാനിപ്പിക്കാൻ അതീവ ജാഗ്രതയോടെ മുന്നോട്ടുപോവുകയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് പോലും യാതൊരു മേഖലകളിലും മികവ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.കേരളത്തിന് അപമാനകരമായ സംഭാവനകൾ ആണ് ചില മന്ത്രിമാർ നൽകിയത്. നന്മ ചെയ്തതായി ആർക്കും അവകാശപ്പെടാൻ കഴിയില്ല. അധികാര ദുർവിനിയോഗം നടത്തിയും കടം വാങ്ങിയും സർക്കാർ സമ്പത്ത്  ധൂർത്തടിക്കുകയും കട്ടുമുടിപ്പിക്കുകയുമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപര്യം കാണിക്കാതെ സാർവത്രിക മേഖലയിലും സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. പൊതുപണം കൊള്ളയടിക്കുന്നതിലും ധൂർത്തടിക്കുന്നതിലും ആണ് സർക്കാരിന് താൽപര്യം. രാജ്യത്തെ ഓരോ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയുടെ പിന്തുണ കുറഞ്ഞുവരുന്നതായാണ് തെളിയിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദി ഭരണത്തിന് അന്ത്യം കുറിക്കുന്നതിനുള്ള മുന്നറിയിപ്പായിരിക്കും.ട്രംപിന്റെ മുന്നിൽ നരേന്ദ്രമോദി മുട്ടുകുത്തി ഇഴയുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിദേശ നയത്തെ കാറ്റിൽ പറത്തുന്ന ട്രംപിന്റെ വിശ്വസ്തനായ നരേന്ദ്രമോദി ഇന്ത്യയുടെ ആത്മാഭിമാനം അടിയറവ് വയ്ക്കുകയാണെന്നും വി.എം. സുധീരൻ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. എം.പി. കൊടിക്കുന്നിൽ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.സ്ഥാനാർത്ഥി അഡ്വ എബി കുര്യാക്കോസ്,ഡിസിസി പ്രസിഡൻ്റ് അഡ്വ: ബി. ബാബു പ്രസാദ്,  യുഡിഎഫ് നേതാക്കളായ അഡ്വ: ഇ.സമീർ, അഡ്വ:ഡി. വിജയകുമാർ, സുനിൽ പി. ഉമ്മൻ, രാധേഷ് കണ്ണനൂര്‍, രാജൻ കണ്ണാട്ട്, ഇ. വൈ. എം. ഹനീഫ മൗലവി, ഡി.നാഗേഷ് കുമാര്‍,  പി.എൻ. നെടുവേലി, ജോൺസ് മാത്യു, ജിജി പുന്തല, ഡോ:ഷിബു ഉമ്മൻ, ഗണേഷ് പുലിയൂർ, നഗരസഭ ചെയർമാൻ മനീഷ് കീഴാമoത്തിൽ,ജോൺസ് മാത്യു, പി.വി. ജോൺ, അഡ്വ : ജോർജ് തോമസ്, അഡ്വ : ബിപിൻ മാമൻ,സണ്ണി കോവിലകം, അഡ്വ :ഹരി പാണ്ടനാട്, തോമസ് ചാക്കോ, അഡ്വ: കെ.ആർ. സജീവൻ, ജോജി ചെറിയാൻ, സുജാ ജോൺ എന്നിവർ പ്രസംഗിച്ചു.
ജൂണി കുതിരവട്ടം ചെയര്‍മാന്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍ ജനറല്‍ കണ്‍വീനര്‍ പി വി ജോണ്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍,അഡ്വ.കെ ആര്‍ സജീവന്‍ ചീഫ് ഇലക്ഷന്‍ ഏജന്‍റ്, സുജിത് ശ്രീരംഗം കണ്‍വീനര്‍ എന്നിവര്‍ ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മിറ്റി   രൂപീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.